☠☠🛑🛑☠☠🛑🛑☠☠🛑🛑
കണ്ണൂർ: സന്ദർശകരുടെ എണ്ണം വർധിക്കുമ്പോഴും സുരക്ഷാസംവിധാനങ്ങൾ ഇല്ലാതെ കണ്ണൂർ നടുവിലെ വെള്ളച്ചാട്ടങ്ങൾ. നടുവിൽ പഞ്ചായത്തിലെ ജാനുപ്പാറ, ഏഴരക്കുണ്ട്, ആലക്കോട് പഞ്ചായത്തിലെ വൈതൽക്കുണ്ട് എന്നിവയാണ് സന്ദർശകർ കൂടുതലായി എത്തുന്ന വെള്ളച്ചാട്ടങ്ങൾ.നൂറടിയോളം ഉയരമുണ്ട് ജാനുപ്പാറയ്ക്ക്. പാലക്കയം തട്ടിനോട് ചേർന്നതായതിനാൽ ഇവിടേക്ക് ഒട്ടേറെ ആളുകൾ എത്തുന്നുണ്ട്. ഉയരമുള്ള പാറയുടെ മുകളിലേക്ക് പിടിച്ചുകയറുന്നതും മറ്റും അപകടമുണ്ടാക്കുമെന്ന് നാട്ടുകാർ പറയുന്നു. ദിവസം നൂറിനടുത്ത് ആളുകൾ എത്തുന്ന ഏഴരക്കുണ്ട് അപകടസാധ്യത ഏറെയുള്ള വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. അവധിദിവസങ്ങളിൽ ആളുകളെ നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. കിഴക്കാംതൂക്കായതും വഴുക്കലുള്ളതുമായ പാറകളാണ് ഇവിടെയുള്ളത്. വിജനമായ സ്ഥലത്തായതിനാൽ അപകടം നടന്നാൽതന്നെ ആരും അറിയില്ല.ഏഴ് വലിയ കുഴികളും ഒരു ചെറിയ കുഴിയും ചേർന്നതാണ് ഏഴരക്കുണ്ട്. കരിങ്കല്ലിൽ കടഞ്ഞെടുത്തതുപോലാണ് ഓരോ കുഴിയും. ഈ കുഴികളെ തമ്മിൽ ബന്ധിപ്പിച്ചാണ് വെള്ളച്ചാട്ടങ്ങൾ ഉള്ളത്. കുഴി ചെറുതായി തോന്നുമെങ്കിലും പലതിനും കിണറിനേക്കാൾ ആഴമുണ്ട്. സമീപവാസികൾ പോലും ഭയപ്പാടോടെയാണ് വെള്ളച്ചാട്ടത്തെ കാണാറ്. മഴക്കാലത്ത് വെള്ളം കുതിച്ചുവീഴുന്നതിനാൽ ശക്തമായ ചുഴികളും രൂപപ്പെടാറുണ്ട്.ആളുകൾ ഏറെ വന്നുചേരാറുണ്ടെങ്കിലും സുരക്ഷയ്ക്കായി ഒരു സംവിധാനവും ഇവിടില്ല. ദൂരസ്ഥലങ്ങളിൽനിന്നും വരുന്നവർക്ക് അപകടത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ ബോർഡുകളും സ്ഥാപിച്ചിട്ടില്ല. യുവാക്കളാണ് കൂടുതലും എത്തുന്നത്. വഴുതലുള്ള പാറകളിലൂടെ സാഹസികമായി വെള്ളച്ചാട്ടത്തിലേക്ക് പലരും ഇറങ്ങിച്ചെല്ലുന്നതായി നാട്ടുകാർ പറയുന്നു. മദ്യലഹരിയിലാണ് പലരും വരുന്നത്.ഒരു കോടി രൂപ ഏഴരക്കുണ്ടിലെ ടൂറിസം വികസനത്തിനായി അനുവദിച്ചിട്ടുണ്ട്. വെള്ളച്ചാട്ടത്തിൽനിന്ന് ഒരു കിലോമീറ്റർ മാറി നിർമാണം നടത്താനാണ് അധികൃതർ നടപടി എടുത്തത്. ഇതിൽ പ്രതിഷേധമുയർന്നതിനെ തുടർന്ന് പണി നിർത്തി വെച്ചിരിക്കുകയാണ്. അനുവദിച്ച പണം ഏഴരക്കുണ്ടിൽ തന്നെ ചെലവഴിക്കണമെന്നും സുരക്ഷാവേലി ഉൾപ്പെടെ സ്ഥാപിക്കണമെന്നുമുള്ള ആവശ്യത്തിലാണ് നാട്ടുകാർ. വൈതൽക്കുണ്ട് വെള്ളച്ചാട്ടവും ആളുകൾ താമസമില്ലാത്ത സ്ഥലത്താണ്.
Comments
Post a Comment