യാത്രാ വിവരണങ്ങൾ എഴുതുമ്പോൾ സാധാരണ പറയാറുള്ള ഒരു കാര്യമുണ്ട്, 'ആയിരം വാക്കുകളേക്കാൾ നല്ലത് മികച്ചൊരു ചിത്രമാണെന്ന്', പക്ഷേ, കഴിഞ്ഞ ദിവസത്തെ വനയാത്ര ഞങ്ങൾക്ക് നൽകിയ അനുഭവം വിവരിക്കാൻ എത്ര ഫോട്ടോകൾ നിരത്തിയാലാണ് കഴിയുക എന്നറിയില്ല. ( എന്നാപ്പിന്നെ ഒരു വീഡിയോ അങ്ങ് ഇട് മാഷേ എന്നും പറഞ്ഞോണ്ട് വരരരുത് പ്ലീസ് ) . എരുമേലിക്കടുത്ത്, റാന്നി ഫോറസ്റ്റ് ഡിവിഷൻ്റെ കീഴിലുള്ള പനങ്കുടന്ത വനമേഖലയിലേക്കാണ് ഞങ്ങൾ പത്തു പതിനഞ്ചു പേരടങ്ങുന്ന സംഘം Cochin Adventurous Foundation (CAF)ൻ്റെ നേതൃത്വത്തിൽ യാത്ര നടത്തിയത്.
മഴ പെയ്ത്, നനഞ്ഞ്കുതിർന്ന്, അടിമുടി പൂത്തുലഞ്ഞു നിൽക്കുന്ന വനത്തിലേക്ക് പ്രവേശിക്കുന്നതു തന്നെ, ഒരു വെള്ളച്ചാട്ടം cross ചെയ്തിട്ടാണ്. ആ കാഴ്ച തന്നെ മനസ്സു നിറച്ചു. ഇതൊക്കെയെന്ത് എന്ന ഭാവത്തിലായിരുന്നു കൂടെ വന്ന വിനോദേട്ടനും രഞ്ജിത്തേട്ടനും നിന്നത്. ആ body language കണ്ടപ്പോഴേ മനസ്സുപറഞ്ഞു ഇത് വെറും സാംമ്പിൾ ഒറിജിനൽ വെടിക്കെട്ട് വരാൻ പോകുന്നേയുള്ളൂവെന്ന്. ആവശ്യത്തിന് കുടിക്കാനുള്ള വെള്ളമെടുത്തോ എന്ന അവരുടെ നിർദ്ദേശം വന്നപ്പോഴേ ഞാൻ അപകടം മണത്തു.
കയറ്റം എന്നൊക്കെ പറഞ്ഞാൽ ഏകദേശം 80° ക്കും 90° ക്കും ഇടയിൽ നിൽക്കും ചെരിവ്. കയറിൽ തൂങ്ങിപ്പിടിച്ചും പരസ്പരം കൈകൊടുത്ത് സഹായിച്ചും ഞങ്ങൾ ഒരുവിധം മുകളിലെത്തി. പനങ്കുടുന്ത വെള്ളച്ചാട്ടത്തിൻ്റെ ഏറ്റവും മുകളിൽ നിന്നും താഴോട്ടുള്ള കാഴ്ച ഏതൊരു യാത്രികനേയും മോഹിപ്പിക്കും. അതുവരെ കയറിയ കയറ്റത്തിൻ്റെ ക്ഷീണമെല്ലാം ആ ഒരൊറ്റ കാഴ്ചയിൽ ഇല്ലാതായി. ആ ദൃശ്യം വെറും കാണലിൽ മാത്രം അവസാനിച്ചില്ലാ എന്നതാണ് ഈ യാത്രയെ വെറും കാഴ്ചയിൽ നിന്നും ജീവിതം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു അനുഭവമാക്കി മാറ്റിയത്.
നേരെത്തെ നടന്ന കയറ്റം compensate ചെയ്യാനാണോ എന്തോ അതിന്റെ കട്ടക്ക് നിൽക്കുന്ന ഇറക്കമായിരുന്നു അടുത്തത്. കയറും കൈസഹായങ്ങളും വേണ്ടിവന്നു ഇറങ്ങാനും. വളരെ ചെറിയ വിസ്തൃതിയിൽ പോലും കാട് അതിൻ്റെ വ്യത്യസ്ത ഭാവങ്ങൾ വെളിവാക്കി തന്നു.
മുകളിൽ നിന്നു കണ്ട വെള്ളച്ചാട്ടത്തെ കുറച്ചു കൂടി അടുത്തുകാണാം പറ്റിയാൽ നാലഞ്ചു ഫോട്ടോയെടുക്കാം എന്നൊക്കെയായിരുന്നു ഉൽസാഹത്തോടെ ഇറങ്ങുമ്പോൾ മനസ്സിൽ. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.
ദ്രുതതാളത്തിൽ താഴേക്ക് പതിക്കുന്ന ആ ജലപാതത്തിൻ്റെ വന്യത ആദ്യം ഭയപ്പെടുത്തിയെങ്കിലും പിന്നീടതിൻ്റെ മടിത്തട്ടിൽ നിന്നും ഞങ്ങളെ പറിച്ചുമാറ്റാൻ വിനോദേട്ടൻ കുറച്ചൊന്നുമല്ല പണിപ്പെട്ടത്. ഓരോ തുള്ളിവെള്ളത്തിനും പറയാനുണ്ടാവും മരത്തിൻ്റ വേരുകളിലൂടെയും, മണ്ണിൻ്റ ആത്മാവിൽ ഉറങ്ങിക്കിടന്ന നൂറുകണക്കിന് വിത്തുകളെ മുളപ്പിച്ചതിൻ്റേയും, ഉണങ്ങി വീഴാറായ ചെടികളെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റിയതിൻ്റേയും പാറക്കൂട്ടങ്ങളിൽ കൂടിയുള്ള വന്യ യാത്രകളുടേയും നിരവധി കഥകൾ. കിട്ടിയ കുറച്ചു സമയം കൊണ്ട് ആ കഥകൾക്ക് കാതോർക്കുകയായിരുന്നു ഞാൻ. ആ ജലപാതത്തിൻ്റെ, ആ നീരുറവയുടെ തന്നെ മരണം തീരുമാനിക്കപ്പെട്ടുവെന്ന കഥയല്ലാത്തൊരു കാര്യം ഞെട്ടലോടെ അറിഞ്ഞ, മുറിവേറ്റ മനസ്സുമായാണ് ഞങ്ങളവിടെ നിന്നും ഇറങ്ങിയത്. അവിടേയും ഒരു ഡാമിനുള്ള സർവേ നടന്നുകൊണ്ടിരിക്കുന്നു.
പെരുന്തേനരുവി വെള്ളച്ചാട്ടം !
'അപകടസാധ്യത കൂടിയ സ്ഥലമാണ് കുളിക്കാനിറങ്ങരുത്, നിങ്ങളുടെ ജീവൻ അമൂല്യമാണ്'
പെരുന്തേനരുവി വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ ടൂറിസം വകുപ്പ് വെച്ച മുന്നറിയിപ്പു ബോർഡുകളിലെ വാചകങ്ങളാണിവ. ചെന്നുനോക്കിയപ്പോൾ ഞങ്ങൾ കണ്ടത് ഡാം കെട്ടി കഴുത്തു ഞെരിച്ച് കൊന്നുകൊണ്ടിരിക്കുന്ന ഒരു പുഴയെയാണ്. താരതമ്യേന നല്ല മഴ കിട്ടിയ ഒരു മൺസൂൺ കാലത്തിൻ്റെ അവസാനത്തിൽ പോലും ഈ പുഴ അതിന്റെ അവസാന പിടച്ചിലിൽ ആണ്.
ഇനിയെത്രകാലം കൂടി നിഷ്കളങ്കമായി ചിരിക്കുന്ന, ഊർജ്ജസ്വലരായ അവിടെത്തെ കുട്ടികൾക്ക് ആ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ കഴിയും , തെന്നൽപാറയിലെ വെള്ളത്തോടൊപ്പം ഒഴുകിയിറങ്ങാൻ കഴിയും , ആ പുഴയുടെ സാന്നിധ്യം കൊണ്ടുമാത്രം ഫലഭൂയിഷ്ഠമായ മണ്ണിൽ വിളഞ്ഞ കുംബ്ലൂസ് നാരങ്ങകൾ ഞങ്ങൾക്ക് തന്നതുപോലെ ഇഷ്ടംപോലെ പറിച്ചു നൽകാൻ കഴിയും, അറിയില്ല !
നന്ദി
Team CAF
&
Other participants.
Comments
Post a Comment