🔰🔰🔰🔰🔰🔰🔰🔰🔰🔰🔰🔰
യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും തന്നെ. പലപ്പോഴും നമ്മൾ പുറപ്പെട്ട യാത്ര തിരിച്ചെത്തിക്കഴിയുമ്പോൾ ആ യാത്രയിൽ നമ്മൾ ഉദ്ദേശിച്ചിരുന്ന പലതും കിട്ടിക്കാണില്ല. അത് യാത്രയുടെ കുഴപ്പമല്ല, നമ്മൾ യാത്രയെ സമീപിച്ച രീതിയുടെ പാളിച്ചയാണ്. എങ്ങിനെ ഒരു യാത്ര പൂർണ്ണമായ അർത്ഥത്തിൽ അനുഭവമാക്കി മാറ്റാൻ കഴിയും എന്നതിനെ കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ യാത്രികരിൽ ഒരാളായ നമ്മുടെ സ്വന്തം സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര നിർദേശിക്കുന്നത് കേൾക്കാം“വലിയ സമ്പത്തുള്ളതിനാലാണ് ഞാൻ ഇത്രയും വിദേശയാത്രകൾ നടത്തുന്നതെന്ന് പലരും കരുതുന്നുണ്ട്. എന്നാൽ, വളരെ ചിലവ് ചുരുക്കിയാണ് ഞാൻ ഇപ്പോഴും യാത്ര ചെയ്യുന്നത്. ദിവസവും 100 രൂപ വെച്ച് സമ്പാദിക്കാൻ നിങ്ങൾക്കു സാധിക്കുമോ? എങ്കിൽ എല്ലാവർഷവും നിങ്ങൾക്ക് വിദേശയാത്ര ചെയ്യാനുള്ള വഴി ഞാൻ പറഞ്ഞുതരാം. ഇതൊരു ബിസിനസ് ആണെന്ന് കരുതരുത്. യാത്രാനുഭവങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്നതിനപ്പുറം അവരെ യാത്ര ചെയ്യിപ്പിക്കുക എന്നതാണ് എന്റെ അടുത്ത ലക്ഷ്യം.20 വർഷമായി നടത്തിവരുന്ന യാത്രകളുടെ ചെറിയൊരു ഭാഗം മാത്രമേ എനിക്ക് പ്രേക്ഷകരിലേക്ക് എത്തിക്കാനായിട്ടുള്ളൂ. കണ്ട്, അനുഭവിച്ച കാര്യങ്ങൾ ദൃശ്യത്തിലൂടെ മാത്രമായി ആളുകളിലേക്ക് എത്തിക്കുന്നതിന് പരിമിതികൾ ഉണ്ട്. സദ്യ ഉണ്ണുന്നതിന് പകരം പാചകക്കുറിപ്പ് വായിക്കുന്നതുപോലെയാണ് അത്.യാത്രയുടെ സങ്കേതങ്ങൾ ആളുകളിലേക്ക് എത്തിക്കുക എന്ന ആശയത്തിലാണ് ഞാൻ ഇപ്പോൾ പ്രവൃത്തിക്കുന്നത്. ചെറുപ്പക്കാർക്ക് ചുരുങ്ങിയ ചിലവിൽ യാത്ര ചെയ്യാനുള്ള ഒരു പ്ലാറ്റ്ഫോം ആരംഭിക്കണമെന്നാണ് ആഗ്രഹം.യാത്രകൾ ആസ്വദിക്കാൻ പരിശീലനം അത്യാവശ്യമാണ്, പ്രത്യേകിച്ച് മലയാളികൾക്ക്.
യാത്രയ്ക്കു വേണ്ടിയല്ല നമ്മുടെ പൊതുവേയുള്ള പല യാത്രകളും. പകരം, സെൽഫി എടുക്കുക, കള്ളുകുടിക്കുക, കൂട്ടുകാർക്കൊപ്പം ആഘോഷിക്കുക എന്നിങ്ങനെയാണ്. യാത്രയ്ക്ക് ഒരുദ്ദേശമുണ്ടാവണം. യാത്ര അനുഭവിച്ച ഒരു ഗുരുവിനൊപ്പം സഞ്ചരിച്ചുവേണം അത് ആർജ്ജിക്കാൻ.
യാത്രയ്ക്കുള്ള ഒരുക്കത്തിൽ നിന്നുതന്നെ ആ ആസ്വാദനം ആരംഭിക്കുന്നു. എന്ത് വേഷം ധരിക്കണം, ഏത് ബാഗ് ഉപയോഗിക്കണം, ഏത് വാഹനത്തിൽ സഞ്ചരിക്കണം എന്നതിൽ തുടങ്ങുന്നു ഈ ആസ്വാദനം.
ടൂറിസ്റ്റ് ബസ്സിൽ കയറി, പാട്ടുംപാടി ഫോട്ടോയും വീഡിയോയും എടുക്കാനുള്ള യാത്ര എന്ന സങ്കൽപത്തിൽ നിന്ന് മലയാളികളെ പുറത്തുകൊണ്ടുവരണം.വീഡിയോകോച്ചിൽ യാത്ര പോകുക എന്നതിൽപ്പരം ഒരു മണ്ടത്തരം വേറെയില്ല. 24 മണിക്കൂറും ടിവി കാണുന്ന നമ്മൾ, വീണ്ടും വാഹനത്തിൽ കയറി വീഡിയോ കാണാനായി യാത്ര ചെയ്യുന്നു! യാത്രയുടെ പൊതുധാരണയായി നമ്മൾ പഠിച്ചുവച്ചിരിക്കുന്നതെല്ലാം മറക്കണം. ചവിട്ടുന്ന ഓരോ മണ്ണിനെയും അറിയണം, ജലത്തെ സ്പർശിക്കണം, വായുവിനെ ശ്വാസകോശം നിറയെ വലിച്ചെടുക്കണം…
ഇങ്ങനെയൊന്നുമല്ല ഇപ്പോൾ നമ്മുടെ യാത്രകൾ. സമൂഹമാധ്യമങ്ങളിലൂടെയും മറ്റുമായി, കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി യാത്രകൾ ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. നല്ലതാണ്. എന്നാൽ അടുക്കും ചിട്ടയും വരുത്തുക എന്നതാണ് അടുത്തപടി. അതിനുള്ള പരിഹാരവും എന്റെ കയ്യിലുണ്ട്. എന്നാൽ നടപ്പിലാക്കാനുള്ള സമയം കിട്ടുന്നില്ല എന്നുമാത്രം.വനവും തടാകവും മാത്രമല്ല കേരളടൂറിസം
കേരളത്തിലെ വിനോദസഞ്ചാരത്തിന് ഫോക്കസ് ഇല്ല. തേക്കടിയിലും കുമരകത്തുമെല്ലാം കുറേ ബോട്ടുകൾ ഇട്ടിട്ടുണ്ട്. എന്നാൽ അവിടെയെല്ലാം ബോട്ടിങ് നടത്താൻ എത്ര വിദേശികൾ താത്പര്യപ്പെടുന്നുണ്ട് എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സായിപ്പ് വന്നുതുടങ്ങിയ ശേഷമാണ് കോവളത്തും കുമരകത്തുമെല്ലാം നമ്മൾ വിനോദയാത്ര പോകാൻ തുടങ്ങിയത്. കേരളത്തിലെ ടൂറിസം ഡെസ്റ്റിനേഷനുകൾ പ്രഖ്യാപിക്കുന്നത് വിദേശീയരാണ്. പൈതൃകം, സംസ്കാരം, ജീവജാലങ്ങൾ, ഭക്ഷണം, കലാരൂപങ്ങൾ എന്നിങ്ങനെ കേരളത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് ആദ്യം തിരിച്ചറിയണം. അവയെ ഉയർത്തിക്കാട്ടുന്ന വിനോദസഞ്ചാര പദ്ധതികൾ രൂപീകരിക്കണം.അനുകരണം അല്ല വേണ്ടത്. താജ്മഹൽ വേറെ എവിടെയും ഇല്ലാത്തതുകൊണ്ടല്ലേ എല്ലാവരും ആഗ്രയിലേക്ക് പോകുന്നത്. കേരളത്തിലെ ടൂറിസവും അങ്ങനെയാണ് പോകേണ്ടത്. കേരളം പോലെ മനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയും ലോകത്ത് മറ്റെവിടെയും ഇല്ല എന്ന നമ്മുടെ ധാരണ തെറ്റാണ്. അക്ഷാംശരേഖയിലൂടെ കടന്നുപോകുന്ന പ്രദേശങ്ങളെല്ലാം ഉഷ്ണമേഖലാ പ്രദേശങ്ങളാണ്. മലേഷ്യ, തായ്ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ് എന്നിങ്ങനെ മഴക്കാടുകളുള്ള നിരവധി സ്ഥലങ്ങൾ. അവിടെയെല്ലാം വളരെ മികച്ച രീതിയിൽ ടൂറിസം വികസിച്ചിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ മനുഷ്യർ വളരെ പ്രാകൃതരാണെന്ന് നാം കരുതുന്നു. എന്നാൽ ടാൻസാനിയ, കെനിയ എന്നിവിടങ്ങളിലെ ടൂറിസം വളരെ പ്രൊഫഷണലാണ്.ഗെയിം ഡ്രൈവുകൾക്ക് കൊണ്ടുപോകുന്ന വാഹനങ്ങളിൽ പോലും അവരുടെ പ്രൊഫഷണലിസം കാണാം. വശങ്ങളിൽ ഓരോ സീറ്റ് വെച്ചുള്ള, മേൽക്കൂര തുറന്ന് എഴുന്നേറ്റുനിൽക്കാവുന്ന ജീപ്പുകളാണ് എല്ലായിടത്തും ഉപയോഗിക്കുന്നത്. വലിയ വരുമാനമാണ് അവർ ഉണ്ടാക്കുന്നതും. ഗൾഫിൽ നിന്ന് വരുന്ന പണത്തിന് തുല്യമായി കേരളത്തിൽ വിനോദസഞ്ചാരത്തിലൂടെ പണമുണ്ടാക്കാം. അതിന് കൂറേ റിസോർട്ടുകൾ നിർമിച്ചിടുകയല്ല വേണ്ടത്. വൃദ്ധരായ വിദേശികളാണ് റിസോർട്ടിൽ താമസിക്കാനെത്തുന്നതിൽ കൂടുതലും. കേരളം നടന്നുകാണേണ്ട സ്ഥലമാണ്; ട്രെക്കിങ്ങിലൂടെയും സൈക്ലിങ്ങിലൂടെയും പശ്ചിമഘട്ടം നടന്നു കാണാനുള്ള സംവിധാനങ്ങൾ ഒരുക്കണം.
ഉദാഹരണത്തിന്, വാഗമണ്ണിലേക്കുള്ള യാത്ര. അടിവാരത്ത്, മീനച്ചിലാറിന്റെ കരയിൽ കൂടാരമൊരുക്കി ആരംഭിച്ച്, മുകളിലെ പുൽമേട്ടിലേക്ക് ട്രെക്ക് ചെയ്ത് എത്തിച്ചേരുന്ന രീതിയിൽ നടത്താം. പ്രകൃതിക്കൊപ്പം കഥകൾ പറഞ്ഞ് അനുഭവങ്ങൾ പങ്കുവെച്ചുള്ള കാൽനടയാത്ര. പണ്ട്, ശബരിമലയ്ക്ക് പോയിരുന്നപോലെ.
അതുപോലെ നദികളിലൂടെയുള്ള റാഫ്റ്റിങ്. പെരിയാറിലൂടെ, തീരത്തെ കാഴ്ചകൾ ആസ്വദിച്ച്, ആലുവ വരെ എത്താം. ഒരു കെട്ടുവള്ളം വിജയിച്ചു എന്നു കരുതി എല്ലായിടത്തും കെട്ടുവള്ളം ഇറക്കുന്നതിൽ കാര്യമില്ല. വ്യത്യസ്തമായ പരിപാടികളാണ് ആസൂത്രണം ചെയ്യേണ്ടത്, വിദേശികൾക്ക് താത്പര്യവും അതുതന്നെയാണ്. വിദേശത്തുനിന്ന് ധാരാളം യുവാക്കൾ ഇവിടെ എത്തും. അവരിലൂടെ കേരള ടൂറിസം കൂടുതൽ പ്രചരിക്കും.
വിദേശികളാണ് കേരളത്തിലെ ടൂറിസത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത്. ഇതുപോലെയുള്ള പുതിയ രീതികൾ ആരംഭിക്കുമ്പോൾ വിദേശികൾ ഇങ്ങ് എത്തും. പിന്നാലെ നമ്മളും അവ ശീലിക്കും.2015-ലായിരുന്നു ബഹിരാകാശയാത്ര നടക്കേണ്ടിയിരുന്നത്. വിർജിൻ ഗാലക്ടിക് കമ്പനിയുടെ ബഹിരാകാശയാത്രാ പരിശീലനത്തിനിടെ അപകടം ഉണ്ടാകുകയും അതിനെ തുടർന്ന് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കുകയും ചെയ്തതിനാലാണ് വൈകുന്നത്. ഇതുവരെ ലോകത്തു നടന്ന ബഹിരാകാശ യാത്രകളിലെല്ലാം പങ്കെടുത്തവർ സാങ്കേതിക പരിജ്ഞാനം ഉള്ളവരാണ്. ബഹിരാകാശ പേടകങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അറിയാവുന്ന വിദഗ്ധരാണ്. എന്നാൽ അതിനൊന്നും പ്രാപ്തരല്ലാത്ത, സാധാരണ വിനോദസഞ്ചാരികളുടെയാത്രയാണിത്.രണ്ട് പൈലറ്റുമാർ വേണം എല്ലാം കൈകാര്യം ചെയ്യാൻ. മാത്രവുമല്ല, വിർജിൻ ഗാലക്ടിക് കമ്പനിയുടെ ചെയർമാൻ റിച്ചാർഡ് ബ്രാഡ്സൺ, പ്രമുഖ ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോവ്കിൻസ് എന്നിങ്ങനെ നിരവധി പ്രമുഖരും ഈ യാത്രയിലുണ്ട്.സുരക്ഷയെ കരുതിയാണ് പദ്ധതി നീളുന്നത്. മനുഷ്യനെ വഹിക്കുന്ന ബഹിരാകാശ പേടകങ്ങളിലെ യാത്രകൾ നാസ പോലും നിർത്തിവെച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷമാണ് ബഹിരാകാശയാത്രയുടെ അവസാന പരിശീലനം നടന്നത്. അന്നത്തെ സീറോ ഗ്രാവിറ്റി ടെസ്റ്റ് സഞ്ചാരത്തിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു.യുഎസ്സിലെ മൊഹാവിയിൽ ഇപ്പോൾ പരീക്ഷണ, പരിശീലനങ്ങൾ നടന്നുവരികയാണ്. യാത്രയുടെ ആദ്യ സംഘത്തിൽ ഞാനുണ്ട്. ഒരു പേടകത്തിൽ എട്ടു പേർക്കാണ് യാത്ര ചെയ്യാനാവുക. ആദ്യ ബാച്ചിൽ 37 പേരാണുള്ളത്. 10 വർഷം മുമ്പ് ഏകദേശം ഒരു കോടി രൂപയ്ക്കടുത്താണ് യാത്രയ്ക്കായി മുടക്കിയത്. ഇന്ന് തുക വലിയ തോതിൽ വർധിച്ചിട്ടുണ്ട്.ബഹിരാകാശ യാത്ര പൂർണമായും ചിത്രീകരിക്കാനുള്ള അനുവാദവും വാങ്ങിയിട്ടുണ്ട്.നിലവിലുള്ള സമ്പ്രദായങ്ങൾ അനുകരിക്കാതെ, നമ്മുടേതായ രീതിയിൽ സാങ്കേതിക വിദ്യയെ ഉപയോഗിക്കുക എന്നതാണ് ഞാൻ പിന്തുടരുന്ന രീതി. മറ്റു ചാനലുകളിലെ സമ്പ്രദായമല്ല സഫാരി ചാനലിനുള്ളത്. 20 കൊല്ലം മുമ്പ് ഞാൻ സഞ്ചാരം തുടങ്ങുമ്പോൾ, അന്നൊരു ഡോക്യുമെന്ററി ചെയ്യാൻ കുറഞ്ഞത് എട്ടുപേരെങ്കിലും വേണമായിരുന്നു. എന്നാൽ ഒറ്റയ്ക്ക് ചെയ്യാനുള്ള സാങ്കേതിക വിദ്യകൾ ഞാൻ തേടി. ചെറിയ ക്യാമറ കണ്ടെത്തി. സർവ ജോലികളും ഒറ്റയ്ക്ക് ചെയ്യാൻ പ്രാപ്തനായി. കുറഞ്ഞ സമയംകൊണ്ട് എങ്ങനെ നിർമാണം നടത്താം എന്ന് പഠിച്ചു. മറ്റ് മാധ്യമസ്ഥാപനങ്ങളിൽ പത്തോ, പത്രണ്ടോ വർഷങ്ങൾക്കു ശേഷം നടത്താനിരിക്കുന്ന സാങ്കേതിസംവിധാനങ്ങൾ ഞാൻ ഇപ്പോഴേ നടപ്പിലാക്കുന്നു.അങ്ങനെ ഇതുവരെ ആരും പോകാത്ത വഴികളിലൂടെ സഞ്ചരിച്ചാണ് ഞാൻ ഇതെല്ലാം നടപ്പിലാക്കിയത്. അതിനായി നിരന്തരം അറിവുകൾ ശേഖരിച്ചുകൊണ്ടിരിക്കണം. എന്നാൽ അതിന് അതിന്റേതായ റിസ്ക്കുമുണ്ട്. ലോകംചുറ്റുന്നതിനൊപ്പംബ്രോഡ്കാസ്റ്റ് വ്യവസായത്തിൽ വരാൻ പോകുന്ന പുതിയ സാങ്കേതികവിദ്യകൾ കാണാനും അറിയാനും ഞാൻ ശ്രമിക്കാറുണ്ട്. ന്യൂയോർക്കിൽ ചെന്നാൽ ഡൗൺടൗണിലെ ബിആൻഡ് എച്ച് ഷോറൂമിലേക്ക് ഞാൻ പോകും, ഏറ്റവും പുതിയ ഗാഡ്ജെറ്റുകൾ കാണാൻ, പഠിക്കാൻ. കൊളോണിൽ നടക്കുന്ന ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റേഴ്സ് എക്സിബിഷനിൽ പോകാറുണ്ട്. വരാനിരിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവാണ് ബിസിനസിന്റെ നട്ടെല്ല്.
ഉള്ളടക്കത്തിന്റെ പ്രത്യേകതയാണ് ചാനലിന്റെ നിലവാരം നിശ്ചയിക്കുന്നത്. യാത്ര എന്റെ സൈഡ് ബിസിനസ് അല്ല. ബാക്കിയുള്ള കാര്യങ്ങളാണ് എനിക്ക് സൈഡ് ബിസിനസ്. നമ്മളെ ഈ ഭൂമിയിലേക്ക് വിട്ടിരിക്കുന്നത് കുറേ പണിയെടുത്ത് കാശുണ്ടാക്കാനും ആ കാശിന് കുറേ വീട്ടുപകരണങ്ങൾ വാങ്ങാനും മരുന്ന് വാങ്ങി കഴിക്കാനും മാത്രമല്ല. അങ്ങനെയൊരു തെറ്റിദ്ധാരണ പൂർവികർ നമ്മെ പഠിപ്പിച്ചതാണ്.
ഭൂമിയെന്ന ഗോളത്തെ കണ്ടാസ്വദിച്ച് മടങ്ങാനാണ് നാമെല്ലാം ഇവിടെ എത്തിയിരിക്കുന്നത്. ദുരിതവും ആഹ്ലാദവും അത്ഭുതവുമെല്ലാം അറിയണം. അന്വേഷിക്കണം. അടുത്ത തലമുറയ്ക്കായി കാഴ്ചകളെ കാത്തുസൂക്ഷിക്കണം. ഞാൻ അതാണ് ചെയ്യുന്നതും…
Comments
Post a Comment