ധൈര്യമുണ്ടേൽ നാളെ വയനാട്‌ വാടാ കോപ്പേ

By: Joe Kudakallumkal

    എന്ന് വെല്ലുവിളിച്ചവന്റെ വീട്ടിൽകേറിചെന്നു ഒരു കട്ടൻകാപ്പി ഇട്ടു കൊടുക്കണ്ടേ ? അല്ലെങ്കിൽ പിന്നെ എന്താ ഒരു രസം...

  ജെയ്‌സന്റെ വെല്ലുവിളി കേട്ടപ്പോളെ ഞാൻ വീട്ടിൽ പറഞ്ഞു നാളെ രാവിലെ വയനാട്‌ പോകുട്ടോ...

ങ്ങേ എന്തിനു... ?

(ശെരിയാണല്ലോ എന്തിനാ !!!!!)
ഒന്നുല്ല വെറുതെ ഒരു യാത്ര വന്നിട്ടു പറയാം...

ബൈക്കിൽ ആണോ...?

അതെ...

മഴയാടാ ബസ്സിന്‌ പോയാൽ പോരെ !....ഹും ശെരി പോയിട്ട് വാ...

(പറഞ്ഞിട്ട് കാര്യമില്ലെന്ന് പലവട്ടം തെളിയിച്ചതാ)

   ബാഗിൽ ഉള്ളതൊക്കെ വലിച്ചുപുറത്തിട്ടു കണ്ണിൽ കണ്ട ഡ്രസ്സ് എടുത്തു നിറച്ചു.... രാവിലെ 6.30 ആയപ്പോൾ പാലായിൽ നിന്ന് വണ്ടിയെടുത്തു കോഴിക്കോട്  എത്തിയപ്പോൾ ചെയിൻ അടിപ്പ്‌  കൂടിക്കൂടി വന്നു കാലപ്പഴക്കം കൊണ്ടും കയ്യിലിരിപ്പുകൊണ്ടും അന്ത്യശ്വാസം വലിക്കുന്ന ചെയിനും സോക്കറ്റിനോടും എന്നെന്നേക്കുമായി വിടചൊല്ലി... മാറ്റിയിട്ട ചെയിന് വിശ്രമം കൊടുത്തത് പേരുകേട്ട  ഒൻപതാം വളവിലെത്തിയപ്പോളാണ്...  പലയിടത്തും ചുരം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു...ദക്ഷിണേന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മഴ പെയ്യുന്ന ലക്കിടിക്കു ആ പേര് നഷ്ടമായി എന്ന് തോന്നുന്നു, ഒരു ചാറ്റൽ മഴയിൽ ഒതുങ്ങി നിൽക്കുന്നു...കല്പറ്റ തൊട്ട് നല്ല കിടിലൻ റോഡ്...   ബത്തേരി ഇത്ര പെട്ടന്നെത്തിയോ ബോർഡ് കണ്ടപ്പോളാ അറിഞ്ഞത്... വണ്ടി നിർത്തി സമയം നോക്കി 11: 40...

   ഫോണെടുത്തു വിളിച്ചു... വെല്ലതും എടുക്കാനും, ആരോടെങ്കിലും പറയാനുമുണ്ടെങ്കിൽ പെട്ടന്ന് വേണം ഞാനിതാ വാതിൽക്കലുണ്ട് 10 മിനിറ്റു സമയം തരും അതുകഴിഞ്ഞാൽ വീട്ടിൽ കേറിവരും പിന്നെ ഭാഷ ഇതാവില്ല... എല്ലാം കേട്ടുനിന്ന ജെയ്സൺ ഫോൺ കട്ട് ചെയ്തു.... തിരിച്ചുവിളിച്ചു ഒന്നൂടെ ഉറപ്പു വരുത്തി ഇതൊക്കെ സത്യം തന്നെയാണെന്ന് !!!

   കണ്ണുംതള്ളി വളിച്ച ചിരിയുമായി  എന്റെ മുൻപിലേക്ക് നടന്നടുക്കുന്ന ചങ്കിനെ കണ്ടപ്പോൾ സഹതാപം തോന്നി... ഏതോ ദുർബലനിമിഷത്തിൽ പറഞ്ഞതുപോയ വാക്കിനെയോർത്തു ദുഖിച്ചാ വരവ്...

   അല്ല നി ഇന്നലെ രാത്രി ഫോൺ വെച്ചപ്പോളെ വണ്ടിയുമെടുത്തിറങ്ങിയോ... !!!!

    ഇന്നലെ തന്നെ വരുവായിരുന്നു മദ്യപിച്ചു വണ്ടി ഓടിക്കാൻ പാടില്ലാത്തത് കൊണ്ടും  രാത്രി യാത്ര അത്ര സുഖകരമല്ലാത്തതുകൊണ്ടും രാവിലത്തേക്കാക്കി, എന്നാൽ കേറിക്കോ...

എങ്ങോട്ട്...അല്ല എന്താ ഉദ്ദേശം  !!!

   ആദ്യം എന്തേലും കഴിക്കണം എന്നിട്ടു നേരെ ഊട്ടി...

ഊട്ടിയോ !!!

    എന്തേ 100 km അല്ലേ ഒള്ളൂ കേറടാ വണ്ടിയിൽ... (വയനാട് പലതവണ പോയിട്ടുള്ളതിനാൽ പിന്നെ മനസ്സിലേക്ക് വന്നത് ഊട്ടി ആയിരുന്നു... തലേദിവസം കിലുക്കം സിനിമ ഒരിക്കൽ കൂടി കണ്ടതിന്റെ ഹാങ്ങോവർ വേറെയും)....

      ഡാ വീട്ടിൽ കേറീട്ടു പോകാടാ...

   തിരിച്ചുവരുമ്പോളാവട്ടെ  എന്ന മറുപടി നൽകി ഞാൻ ഊട്ടി റോഡ് പിടിച്ചു...

   താളൂർ എത്തി നെയ്ച്ചോറും ബീഫും കേറ്റി ഒരുകുപ്പി വെള്ളവും വാങ്ങി വണ്ടിയെടുത്തു... ഗുഡല്ലൂർ എത്തിയപ്പോൾ ഒരു ഇന്നോവ എതിരേ വന്നു മുൻസീറ്റിൽ ഒരു പരിചയ മുഖം... അനു സിത്താരയാടാ അത് ആന അലറലോടലറൽ (ഹൊ എഴുതാൻ പെട്ടപാട് ) എന്ന പടത്തിന്റെ ഷൂട്ടിംഗ് ഊട്ടിയിൽ നടക്കുന്നുണ്ടെന്ന് പുറകിൽ നിന്ന്‌ മറുപടിയെത്തി...

   ഗുഡല്ലൂർ നിന്ന്‌ അസ്തമയ സൂര്യന്റെ കടും ചുമപ്പായിരുന്നു വഴിനീളെ വരവേറ്റത്... ഒപ്പം തണുപ്പ് വീണുതുടങ്ങി നീലഗിരി മലകളിലൂടെയുള്ള യാത്ര എന്നും രസകരമാണ് യൂക്കാലി മരങ്ങൾ കാവൽ നിൽക്കുന്ന വനപാത...കാറ്റിനുപോലും യൂക്കാലിയുടെ മണമാണ്...  തിരക്ക് വളരെ കുറവ്  TSRTC  ബസ്സിനെ ഒന്നോവർടേക്ക് ചെയ്യാൻ നന്നായി കഷ്ടപ്പെട്ടു എന്തിനാ വാ ഇത്ര വലിയ വണ്ടി ഇവർക്ക്...  !! ചാറ്റൽ മഴ തണുപ്പിന്റെ കാഠിന്യം കൂട്ടി...ഒരുപാട് വ്യൂ പോയിന്റുകൾ നഷ്ടമായിട്ടുണ്ട് തിരിച്ചുവരുമ്പോൾ കേറാം എന്ന് സമാധാനിച്ചു...

   8.30 ആയപ്പോളേക്കും ഊട്ടിയെത്തി,  അപ്പോളേക്കും തണുത്തുമരച്ചിരുന്നു ഒപ്പം കിലോമീറ്ററുകൾ കടന്നുവന്നതിന്റെ ക്ഷീണവും...

    രാവിലെ കൂനൂർ പോകാനിറങ്ങി ഡോൾഫിൻ നോസ് വ്യൂ പോയിന്റിലേക്കുള്ള വഴി കൊടകൊണ്ടു മൂടിയിരുന്നു...ഊട്ടിയെക്കാൾ തണുപ്പ് കൂടുതലാണ് കൂനൂരിൽ... സഞ്ചാരികൾ പലരും കൂനൂർ നിന്നും മൗണ്ടൈൻ റെയിൽ മാർഗം ഊട്ടിയിലേക്കുള്ള യാത്രക്കായി കാത്തു നിൽക്കുന്നു... കോടയിൽ നനഞ്ഞു തന്നെ Lambs rock വ്യൂ പോയിന്റിലും, Sims പാർക്കിലും പോയി വന്നു...ഊട്ടി പോലെതന്നെ നിരവധി വ്യൂ പോയിന്റുകൾ കൂനൂരും ഉണ്ട് എന്നാൽ സഞ്ചാരികൾ പലരും ഊട്ടി യാത്രയിൽ കൂനൂർ ഒഴിവാക്കുന്നു എന്ന് തോന്നി...

     തിരിച്ചുള്ള വഴിയിൽ ടൈഗർ ഹിൽസിൽ വരവറിയിച്ചു, 19-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാർ പണികഴിപ്പിച്ച സെമിത്തേരി   കോടപുതച്ചുകിടക്കുന്ന മലമടക്കിൽ  വെണ്ണക്കല്ലിൽ  തീർത്ത കല്ലറകളിൽ  ബ്രിട്ടീഷ് വാസ്തുകലയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്നു... നിശബ്ദത തളം കെട്ടിക്കിടക്കുന്ന മരണം മണക്കുന്ന കൽപ്പടവുകൾ... കാടുകയറി നശിച്ചുകൊണ്ടിരിക്കുന്ന ഈ കുഴിമാടങ്ങൾ ഇനി എത്രകലമുണ്ടാകുമോ ആർക്കറിയാം...     ആരുടെയൊക്കെയോ പൂർവികർ ഉറങ്ങുന്ന മണ്ണ്.... ഇന്നും പലരുടെയും കുഴിമാടങ്ങൾ തേടി പുതിയ തലമുറയിൽപെട്ട വിദേശീയർ  ഇവിടേക്കെത്തുന്നു...കോടപുതച്ചുകിടക്കുന്ന ഈ സെമിത്തേരിക്ക് ചുറ്റും  നട്ടുച്ചക്കും ഇരുട്ടുതന്നെ വല്ലാത്തൊരു വന്യതയാണത്...

   സമാധാനമായി ഉറങ്ങൂ എന്ന് മനസ്സിൽപറഞ്ഞു ഞങ്ങൾ ടൈഗർ ഹില്ലിനോട് വിടപറഞ്ഞു...

   വീണ്ടും ഊട്ടി - ഗുഡല്ലൂർ റൂട്ട്,  രാത്രിയിൽ വന്നപ്പോൾ ഞങ്ങൾക്ക് നഷ്‌ടമായ കാഴ്ച്ചകൾ തേടിയിറങ്ങി... ഷൂട്ടിംഗ് പോയിന്റ് ആയിരുന്നു ആദ്യം  പൈക്കര റൂട്ടിൽ ഉള്ള ഗ്രാമ കാഴ്ച്ച വട്ടവടയെ ഓർമിപ്പിച്ചു തനി കാർഷിക ഗ്രാമം കാബേജും ക്യാരറ്റും ഉരുളക്കിഷങ്ങും വിളവെടുപ്പിനായി കാത്തുകിടക്കുന്നു...  നടുവട്ടം ഫോറെസ്റ് റേഞ്ചിന്റെ കീഴിൽ ധാരാളം വ്യൂ പോയിന്റുകൾ ഈ റൂട്ടിലുണ്ട് നീഡിൽ റോക്ക് വ്യൂ, ഫ്രോഗ് ഹിൽ വ്യൂ ഇത് രണ്ടുമായിരുന്നു പ്രധാനാകർക്ഷണം   ഗുഡല്ലൂർ ടൗണിനപ്പുറം വരെയും  പരന്നുകിടക്കുന്ന വനസമ്പത്ത്,  നീലഗിരി മലനിരകളുടെ ആകാശ ദൃശ്യം ഇതെല്ലാം ഈ രണ്ട്‌ വ്യൂ പോയിന്റുകളിൽ നിന്നും കാണണ്ട കാഴ്ച്ച തന്നെയാണ്...

    എത്ര തവണ  പോയാലും ഒരോ തവണയും കാഴ്ചകളുടെ പുതുവസന്തമൊരുക്കിയാണ് ഊട്ടി ഒരോ സഞ്ചാരിയെയും വരവേൽക്കുന്നത്...

  നീലഗിരിയോടുള്ള  പ്രെണയം  പുതുക്കി  യൂക്കാലി മരങ്ങൾക്കിടയിലൂടെയുള്ള  ഇളം വെയിലേറ്റു ഞങ്ങൾ മടങ്ങി...

                                   ശുഭം.

വൽകഷ്ണം :- ഇടക്കു നടു വേദന തുടങ്ങിയെടാ എന്നുപറഞ്ഞ ജെയ്‌സനെ നോക്കി ഞാൻ ഉറക്കെ ചിരിച്ചു... പുവർ ബോയ്‌ വെല്ലുവിളിക്കാൻ വന്നിരിക്കുന്നു...

ക്യാമറ :- HUAWEI MATE 8

റൂട്ട് :- പാലാ - വയനാട് -ഗുഡല്ലൂർ- ഊട്ടി- കൂനൂർ - ടൈഗർ ഹിൽസ് - പൈക്കര - ഗുഡല്ലൂർ - വയനാട് -കാലിക്കറ്റ് - പാലാ

Comments