'ചിന്താവിഷ്ടയായ ശ്യാമള'യിൽ ശബരിമലയ്ക്ക് പോയി തിരിച്ചുവന്ന വിജയന്റെ ഡയലോഗ് ഓർത്തുപോയി: എന്തേ ഇത്ര താമസിച്ചു എന്റെ മുന്നിൽ വരാൻ.
വെള്ളച്ചാട്ടങ്ങൾ ഒരുപാട് കണ്ടിട്ടുണ്ടെങ്കിലും വെള്ളച്ചാട്ടം ഒരദ്ഭുതമായി തോന്നിയത് തമിഴ്നാട് ധർമപുരി ജില്ലയിലെ ഹോഗെനക്കൽ വെള്ളച്ചാട്ടം കണ്ടപ്പോഴാണ്. വലിയ ഉയരത്തിൽ നിന്നും ഒരു ഒറ്റയാന്റെ ഗാംഭീര്യത്തോടെ ഭൂമിയിലേക്ക് പതിക്കുകയല്ല, അവിടുന്നും ഇവിടുന്നുമെല്ലാം കാവേരി നദീജലം ഉശിരുള്ള പുലിക്കുട്ടികളായി തങ്ങളുടെ പുലിയമ്മയിലേക്ക് വെള്ളച്ചാട്ടങ്ങളായി ചേർന്ന് വീറോടെ ഒഴുകുകയാണ്.
ബാംഗ്ലൂരിൽ നിന്നും 130 കിമീ ദൂരം. ശനിയാഴ്ച രാവിലെ ബുള്ളറ്റിൽ ഭാര്യയും ഒന്നര വയസ്സുള്ള മോനുമായി പുറപ്പെട്ടു.
ഈ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ആദ്യമേ പറയട്ടെ. ടൂറിസ്റ്റുകൾ ഒരുപാടുണ്ടെങ്കിലും ടൂറിസം വളർന്നിട്ടില്ലാത്ത ഒരു സ്ഥലമാണ് ഹോഗെനക്കൽ. നല്ല ഭക്ഷണം കിട്ടില്ല. ഭക്ഷണം കൊണ്ടു പോവുകയോ ഹൊസൂരിൽ നിന്ന് കഴിച്ചിട്ടു പോവുകയോ ആണ് നല്ലത്. ടോയ്ലറ്റൊക്കെ വൻ ദുരന്തമാണ്. ഹൊസൂരിൽ തന്നെ പെട്റോൾ പമ്പിൽ കയറി കാര്യം സാധിച്ചിട്ട് പോകുന്നതായിരിക്കും നല്ലത്. പിന്നെ എണ്ണ ഫുൾടാങ്ക് അങ്ങ് അടിച്ചേക്കുക. അങ്ങോട്ട് പിന്നെ പമ്പുകളും കുറവാണ്. ഹൊസൂരിൽ നിന്ന് ചെന്നൈ ഹൈവേയിലൂടെയും പോകാം, പക്ഷേ ദൂരം കൂടുതലാണ്. അഞ്ചെട്ടി എന്ന സ്ഥലത്തേക്ക് (ഹോഗെനക്കലിലേക്കുള്ള വഴിമധ്യേ വരുന്ന സ്ഥലമാണ് അഞ്ചെട്ടി) പോകാനുള്ള ഒരു റിംഗ് റോഡുണ്ട്. അതു ചോദിച്ച് അതു വഴി പോവുക. 40 കിമീ ലാഭിക്കാം.
ഗൂഗിൾ മാപ്സ് ഈയിടെയായി പണി തരുന്നതിനാൽ ഞങ്ങൾ പരമ്പരാഗത രീതി തന്നെ അവലംബിച്ചു. ചോദിച്ച് ചോദിച്ച് പോവുക. ഇങ്ങനെ ചെയ്യുന്നതിനിടെ രണ്ടു സംഭവങ്ങളുണ്ടായി. ഇടത്തോട്ടേക്കും നേരെയും രണ്ടു വഴികൾ കണ്ടപ്പോൾ വഴിയരികിൽ കണ്ട ഒരാളോട് ഹോഗെനക്കൽ? എന്ന് ചോദിച്ചു. അയാൾ നേരെയും പോകാം ഇടത്തോട്ടും പോകാം എന്നു പറഞ്ഞു. ഇയാളിതെന്താപ്പാ ഇങ്ങനെ പറയുന്നത് എന്ന് വിചാരിച്ചിരിക്കുമ്പോൾ ദമ്പതികളെന്ന് തോന്നിക്കുന്ന രണ്ടുപേർ ഞങ്ങളോട് ഇടത്തേക്ക് തിരിയാൻ പറഞ്ഞു. ഞാൻ നേരെയും പോകാം വലത്തോട്ടും പോകാം എന്ന് പറഞ്ഞ മഹാത്മാവിനോടു സംസാരിക്കുന്ന അത്രയും സമയം ഈ ദമ്പതികൾ അവരുടെ സ്കൂട്ടർ നിർത്തി ഞങ്ങള്‍ക്ക് ശരിയായ വഴി പറഞ്ഞുതരാൻ വേണ്ടി മാത്രം കാത്തിരിക്കുകയായിരുന്നു എന്ന് ഭാര്യ പറഞ്ഞു.
മറ്റൊരു സ്ഥലത്ത് വീണ്ടും സമാനമായ സന്ദർഭമുണ്ടായി. ഇടത്തോട്ടും നേരെയും വഴികളുണ്ട്. വഴിയരികിൽ കണ്ട വൃദ്ധനോട് വഴി ചോദിച്ചു. അയാൾ ഇടത്തോട്ടാണ് പോവേണ്ടതെന്ന് തറപ്പിച്ചുപറഞ്ഞു. എനിക്കെന്തോ അതങ്ങു വിശ്വാസമായില്ല. എതിരേ വന്ന മൽസ്യവ്യാപാരിയോട് വഴി ചോദിച്ചു. വഴി ഇടത്തോട്ടല്ലെന്നും നേരെയാണെന്നും ഹോസൂർ റെയിൽവേസ്റ്റേഷൻ വരുമെന്നും ഒരു അണ്ടർപാസ് വരുമെന്നും വല്ല സംശയവും വന്നാൽ അഞ്ചെട്ടിയിലേക്കുള്ള വഴി ചോദിച്ചാൽ ആരും പറഞ്ഞു തരുമെന്നും ഡീറ്റൈൽഡായി പറഞ്ഞുതന്നു. കേരളത്തിൽ നിന്നാണെന്നാദ്യമേ ചോദിച്ചറിഞ്ഞതിനാൽ മറ്റൊന്നുകൂടി പറഞ്ഞു. ഞാനൊക്കെ ഇതേ പോലെ കേരളത്തിൽ വന്ന് വഴിയറിയാതെ വിഷമിച്ചാൽ നിങ്ങളെ പോലുള്ളവർ ഇതേ പോലെയെന്നെ സഹായിക്കുമെന്നുറപ്പുണ്ടെന്ന്. നിങ്ങൾ മൽസ്യവ്യാപാരിയല്ല, ലോകജ്ഞാനിയാണെന്ന് മനസ്സിൽപറഞ്ഞ് ലക്ഷ്യത്തിലേക്ക് തിരിച്ചു.
750 രൂപയാണ് കൊട്ടവഞ്ചിയിൽ ഹോഗെനക്കൽ വെള്ളച്ചാട്ടം ആസ്വദിച്ച് കാവേരിയാറ്റിലൂടെയുള്ള യാത്രക്കുള്ള നിരക്ക്. പരമാവധി നാലുപേർക്ക് സഞ്ചരിക്കാം. ഒരുമണിക്കൂർ യാത്രയിൽ പുഴമീൻ ലൈവായി പൊരിച്ച് നൽകുന്ന സ്ത്രീകളിൽ നിന്ന് വാങ്ങി കഴിക്കാം. പുഴയുടെയൊരു വശത്തുള്ള ചെറു വെള്ളച്ചാട്ടത്തിൽ കുളിക്കാം.
'നരൻ' ഇതിനടുത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് ചെയ്തതെന്ന് ഞങ്ങളുടെ വഞ്ചിക്കാരൻ മുനിയൻ പറഞ്ഞു. നരന്റെ ഷൂട്ടിനു ശേഷം മുള്ളൻകൊല്ലി എന്നുതന്നെയാണത്രെ ആ സ്‌ഥലം അറിയപ്പെടുന്നത്. അവിടെപ്പോകാൻ ഒരു ശ്രമം നടത്താതിരുന്നില്ല. പക്ഷേ അവിടെയിപ്പോൾ പോകാൻ പറ്റില്ലെന്ന് പുഴയിൽ ചൂണ്ടയിട്ടുകൊണ്ടിരുന്നൊരു മലയാളി പറഞ്ഞു.
Comments
Post a Comment