സിംഹങ്ങളോട് പരാക്രമം കാട്ടി ബൈക്കിലെത്തിയ നാലംഗ സംഘം; സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയുടെ ഉറവിടം തേടി വനം വകുപ്പ്

അഹമ്മദാബാദ്: സിംഹങ്ങള്‍ മനുഷ്യരെ ആക്രമിക്കുന്നതാണ് എപ്പോഴും വാര്‍ത്തയാകുന്നത്. എന്നാല്‍ മനുഷ്യര്‍ സിംഹങ്ങളോട് പരാക്രമം കാണിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തിലെ സിംഹങ്ങള്‍ക്ക് നേരെയാണ് ഒരു കൂട്ടം യുവാക്കള്‍ പരാക്രമം നടത്തിയത്. വന്യജീവി സങ്കേതത്തില്‍ ബൈക്കില്‍ എത്തിയ സംഘം സിംഹങ്ങള്‍ക്ക് നേരെ വേഗത്തില്‍ വാഹനം ഓടിക്കുകയും ശബ്ദമുണ്ടാക്കി ഭയപ്പെടുത്തുകയുമായിരുന്നു.ആണ്‍ സിംഹങ്ങളും പെണ്‍ സിംഹങ്ങളും കുഞ്ഞുങ്ങളുമടങ്ങുന്ന സംഘത്തിനു നേര്‍ക്കാണ് യുവാക്കള്‍ ബൈക്ക് ഓടിച്ചത്. യുവാക്കള്‍ സിംഹക്കൂട്ടത്തെ ഭയപ്പെടുത്തുന്നതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ബൈക്കുകള്‍ പാഞ്ഞു വരുന്നത് കണ്ട് ഭയന്നോടുന്ന സിംഹങ്ങള്‍ ഉയര്‍ന്ന ഹോണ്‍ ശബ്ദത്തില്‍ അസ്വസ്ഥരാകുന്നതും വീഡിയോയില്‍ കാണാം.വന്യജീവി സങ്കേതത്തിലെത്തി സിംഹങ്ങളെ ഭയപ്പെടുത്തിയ നാലംഗ സംഘത്തിനെക്കുറിച്ച് ഗുജറാത്ത് വനംവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് ആരാണെന്നുള്ള കാര്യവും അന്വേഷിക്കുന്നുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ എന്‍ഡിടിവിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത ആദ്യം പുറത്തു വിട്ടത്.

Comments