_നിങ്ങൾക്ക് നഷ്ടപ്പെടുന്നതെന്തെന്ന് നിങ്ങൾ അറിയുന്നില്ല. യാത്ര ചെയ്യാൻ എപ്പോഴും അവസരം കാത്തിരിക്കുന്നവരോട് പറയട്ടെ.ഓരോ യാത്രയും അനുഭവങ്ങളുടെ നിധികുംഭമാണ്._ വാർധക്യകാലത്ത് സംതൃപ്തിയോടെ അയവിറക്കാനുള്ള ഓർമ്മകളുടെ ഒടുങ്ങാത്ത കലവറയാണ് നിങ്ങൾ യാത്രകളിലൂടെ ശേഖരിച്ചുവയ്ക്കുന്നത്. അതുകൊണ്ട് ഈ ചോദ്യം എപ്പോഴും ചോദിച്ചുകൊണ്ടിരിക്കാം..എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ..?
കാണാത്ത സ്ഥലങ്ങളും കാഴ്ചകളും കാണാനുള്ള അടങ്ങാത്ത ദാഹമാണ് ഓരോ യാത്രയുടെയും പിന്നിലുള്ള ഊർജപ്രവാഹം. പുസ്തകങ്ങൾ അറിവും ആനന്ദവും പകരുന്ന ഉറ്റ ചങ്ങാതികളാണെന്നതിൽ സംശയമില്ല. എസ്.കെ.പൊറ്റക്കാടിന്റെ യാത്രാവിവരണങ്ങൾ നമുക്ക് അറിയാത്ത നാടുകളെക്കുറിച്ച് എത്രയെത്ര അറിവുകളും അനുഭൂതികളുമാണ് പകർന്നുതന്നത്. പക്ഷേ കുറേപ്പേർ എഴുതുകയും നാം വായിക്കുകയും ചെയ്താൽ മാത്രം മതിയോ.. നമുക്കും ഇതൊക്കെയൊന്ന് നേരിൽ കാണണ്ടേ...? അതുകൊണ്ട് മടി മാറ്റിവച്ച് യാത്രയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനെപ്പറ്റി ചിന്തിക്കാം.
യാത്ര ചെയ്യാൻ താൽപ്പര്യവും പണവുമുളള ധാരാളം പേരുണ്ട്. പക്ഷേ അത് പ്രവൃത്തിപഥത്തിലെത്തിക്കാൻ അൽപ്പം തന്റേടവും ഇച്ഛാശക്തിയും കൂടി വേണം. ചിലർ പറയും. ഉത്തരേന്ത്യയൊക്കെ ഒന്നു നേരിൽ കാണണമെന്നുണ്ട്. കുറച്ചുകഴിയട്ടെ..ജോലിയൊക്കെ കഴിഞ്ഞ് ഒന്നു സ്വസ്ഥമായിട്ട് വേണം വിസ്തരിച്ച് യാത്ര ചെയ്യാൻ. ഇത്തരക്കാർ ഒരു കാലത്തും യാത്ര ചെയ്യാൻ പോകുന്നില്ല എന്നതാണ് സത്യം. കാരണം യാത്ര യഥാർത്ഥത്തിൽ ചെയ്യുന്നവർ അത് നാളേക്ക് മാറ്റിവയ്ക്കുന്നവരല്ല. ഒരു യാത്ര കഴിഞ്ഞാൽ അടുത്ത യാത്രയ്ക്ക് ഭാണ്ഡം മുറുക്കുന്നവരാണ്. തിരയടങ്ങാത്ത കടൽ പോലെയാണ് യാത്ര ചെയ്യാനുള്ള ആഗ്രഹവും. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന്.
ആരോഗ്യമുള്ളപ്പോഴേ നമുക്ക് യാത്ര ചെയ്യാനാകൂ. യാത്രകൾ മാറ്റിവയ്ക്കുന്നവർ എപ്പോഴും ഓർക്കേണ്ട കാര്യമാണത്. ആരോഗ്യം ക്ഷയിച്ചാൽ നാം ആദ്യം നിർത്തുന്നത് യാത്രകളാണ്. പിന്നെ മറ്റുള്ളവരുടെ യാത്രാവിശേഷങ്ങൾ കേട്ടും മേൽപ്പറഞ്ഞ യാത്രാവിവരണങ്ങൾ വായിച്ചും ശിഷ്ടജീവിതം തള്ളിനീക്കുകയേ ഗതിയുള്ളു.
യാത്രയിൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ.., കള്ളൻമാരുടെ ശല്യമുണ്ടാകുമോ,,സ്ത്രീകൾ സുരക്ഷിതരായിരിക്കുമോ എന്നൊക്കെ ചിന്തിച്ച് തല പുണ്ണാക്കി യാത്ര നീട്ടിവയ്ക്കുന്നവരുണ്ട്. നാട്ടിൽ നിന്നാലും ചിലപ്പോൾ ഇതേ പ്രശ്നങ്ങളുണ്ടാവുമല്ലോ. നാട്ടിൽ വച്ച് പ്രശ്നങ്ങളുണ്ടാവാനുള്ള അതേ സാധ്യതയേ യാത്രയിലുമുള്ളു. അതുകൊണ്ട് കരയ്ക്ക് നിന്ന് നീന്തലിനെക്കുറിച്ച് ചിന്തിക്കാതെ വെള്ളത്തിലേക്ക് ഇറങ്ങുകയാണ് വേണ്ടത്.
ഇന്ന് യാത്രകൾ വലിയ മുന്നൊരുക്കത്തോടെയാണ് നാം ചെയ്യുന്നത്. യാത്രാടിക്കറ്റ് ബുക്ക് ചെയ്യൽ, താമസിക്കാൻ മുറി ബുക്ക് ചെയ്യൽ, ടാക്സി ഉറപ്പാക്കൽ എന്നിങ്ങനെ യാത്രയുടെ ഓരോ ആവശ്യങ്ങളും കണ്ടറിഞ്ഞ് നടത്തുന്ന ഒരുക്കങ്ങൾ കുടുംബസമേതമുളള യാത്രകൾ ക്ലേശരഹിതമാക്കാൻ സഹായകരമാണ്. അതേസമയം പ്രത്യേകിച്ച് മുന്നൊരുക്കമൊന്നുമില്ലാതെ പെട്ടെന്ന് നടത്തുന്ന യാത്രകളാണ് കൂടുതൽ ആസ്വാദ്യമെന്ന് യാത്രാകുതുകികൾ പറയും. ലക്ഷ്യസ്ഥാനത്തേക്കുറിച്ച് ഏകദേശധാരണ മാത്രം വച്ച് കിട്ടുന്ന വാഹനത്തിൽ യാത്ര ചെയ്ത് അപ്പപ്പോൾ ലഭ്യമാകുന്ന താമസസൗകര്യം ഉപയോഗിച്ച് നടത്തുന്ന യാത്രകളിൽ ആവേശവും ഉദ്വേഗവും ഒളിഞ്ഞിരിക്കുന്നു.
യാത്ര ചെയ്യാൻ നമ്മൾ തയ്യാറാണെങ്കിൽ പിന്നെ കാര്യങ്ങൾ എല്ലാം അനുകൂലമായി ഭവിക്കും എന്നതാണ് നിരവധി ദീർഘയാത്രകൾ എന്നെ പഠിപ്പിച്ച പാഠം. പിന്നെ അല്ലറ ചില്ലറ ബുദ്ധിമുട്ടുകൾ ഇല്ലാത്ത യാത്ര ഒരു യാത്രയാണോ...യേത്..?
അതുകൊണ്ട് യാത്ര ചെയ്യാൻ മടിച്ചുനിൽക്കുന്നവരേ...നമുക്ക് എങ്ങോട്ടെങ്കിലും ഒരു യാത്ര പോയാലോ...?
Comments
Post a Comment